ബഹുമാനപ്പെട്ട അച്ചാ, “അകേദാ” കൗൺസിലിംഗ് പ്രോഗ്രാമിൻ്റെ ആദ്യബാച്ചിൽ പങ്കെടുത്ത് അത് പൂർത്തിയാക്കിയതിൻ്റെ ചാരിതാർത്ഥ്യത്തിൽ ഈ ചെറിയ കുറിപ്പ് എഴുതട്ടെ. ‘അകേദാ’ അഥവാ കൂട്ടിക്കെട്ടൽ എന്ന വളരെ അർത്ഥവ്യാപ്തിയുള്ള ഈ പേരിനെ അന്വർത്ഥമാക്കുന്ന എട്ട് ക്ലാസുകളാണ് അച്ചൻ ഞങ്ങൾക്ക് പറഞ്ഞുതന്നത്. ദൈവത്തോടും, സഹജീവികളോടും, സ്വന്തം കുടുംബത്തോടും എങ്ങനെയാവണം നമ്മുടെ ബന്ധം എന്ന് അകേദയിലൂടെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുവാൻ സാധിച്ചു. ഓരോ ക്ലാസ് കഴിയുമ്പോഴും, ജീവിതത്തിൽ അതുവരെ ധരിച്ചുവച്ചിരുന്ന പല ‘ശരികളും’ ശരികൾ അല്ലായിരുന്നു എന്ന തിരിച്ചറിവിലേക്ക് എത്തുവാൻ സാധിച്ചു എന്നതും ഈ കൗൺസിലിംഗ് ക്ലാസിൻ്റെ പ്രത്യേകതയാണ്. അതേ സമയം ചില അറിവുകളൊക്കെ മനസ്സിൽ ഏറെക്കുറെ വ്യക്തതയുള്ളതായിരുന്നു എങ്കിലും കുറേക്കൂടി ശാസ്ത്രീയമായും അടുക്കും ചിട്ടയോടും കൂടെയും മനസ്സിൽ പതിപ്പിക്കുവാൻ അച്ചൻ്റെ ക്ലാസുകൾ സഹായിച്ചു. സ്വന്തം വ്യക്തിത്വത്തെപ്പറ്റികൂടുതൽ മനസ്സിലാക്കുന്നതിനും, സ്വന്തം കുടുംബജീവിതം എങ്ങനെ കൂടുതൽ മനോഹരമാക്കാം എന്നതിനെപ്പറ്റിയും അച്ചൻ പറഞ്ഞുതന്ന അറിവുകൾ അമൂല്യമാണ്. മറ്റുള്ളവരോട് എന്തു പറയണം, എന്ത് പറയരുത് എന്ന മാർഗരേഖകൾ ഏവർക്കും വളരെയേറെ പ്രയോജനം ചെയ്യും എന്നകാര്യത്തിൽ സംശയമില്ല. കുറച്ചുസമയമേ പരസ്പരം കണ്ടിട്ടുള്ളൂ എങ്കിൽ കൂടി ഈ ബാച്ചിൽ പങ്കെടുത്ത ഓരോരുത്തരുമായി മാനസികമായി ഒരു അടുപ്പം ഉണ്ടാകുവാൻ ഈ ദിവസങ്ങളിൽ ഇടയായി. അതുപോലെ അച്ചനും കുടുംബവുമായി ആ കുടുംബത്തിലെ അംഗങ്ങളെപ്പോലെ ഞങ്ങളെ ഓരോരുത്തരേയും ഉൾക്കൊണ്ടതിനും നന്ദി ! ഇനിവരുന്ന ബാച്ചുകളിൽ കൂടി അനേകർക്ക് ഈ അറിവുകൾ പ്രയോജനപ്പെടുവാൻ ദൈവം ഇടയാക്കട്ടെ എന്ന പ്രാർത്ഥനയോടെ നിർത്തുന്നു. –